സഹോദരാ, നിങ്ങള്‍ക്ക് ഞാന്‍ എഴുതുന്ന ഈ കത്ത് ഇതുപോലെത്തന്നെ ഞാന്‍ ഒരു ബ്ലോഗ് തുറന്നു.
http://zmahboobi.blogspot.com
‘നാം അറിയാതെ പോകുന്നത്’ എന്ന സീരീസ്, ഒന്ന് മുതല്‍ ആറ് വരെ ഈ ബ്ലോഗില്‍ പോസ്റ്റ് ചെയ്യുകയുണ്ടായി. പിന്നീട് ‘ബൂലോഗ’ വായനക്കാരുടെ സൗകര്യം കണക്കിലെടുത്ത്, സീരീസിലെ ഏഴ് മുതലുള്ള ഭാഗങ്ങള്‍ക്കായി പുതിയൊരു ബ്ലോഗ് തുറന്നു.
http://mahboobi786.blogspot.com
(കത്ത് ---------- ഭാഗം 07)
അസ്സലാമു അലൈകും,
പ്രിയ സ്നേഹിതാ..,
മനുഷ്യ ജീവിതത്തെക്കുറിച്ചും അവന്‍റെ ലക്ഷ്യത്തെക്കുറിച്ചുമൊക്കെ വ്യത്യസ്ത വിധങ്ങളില്‍ വിവരിക്കപ്പെട്ട് കാണാം. അവസ്ഥയും സാഹചര്യവും ആളും തരവുമൊക്കെ നോക്കി ഒരേ വിഷയം പല രീതിയില്‍ വിവരിക്കാന്‍ സാധിക്കും.
മനുഷ്യ ജീവിതത്തെക്കുറിച്ച് നമുക്ക് ഒരു രീതിയില്‍ ഇങ്ങിനെ വിവരിക്കാം.
മനുഷ്യന്‍ ആറ് ലോകങ്ങളിലൂടെ യാത്ര ചെയ്യുന്നവനാണ്.
അവന്‍റെ ആദ്യത്തെ ലോകമാണ്, ആലം അര്‍വാഹ് (റുഹുകളുടെ ലോകം)
രണ്ടാമത്തെ ലോകം, ഉമ്മയുടെ ഗര്‍ഭാശയം.
മൂന്നാമത്തേത്, ഇന്ന് നാം അധിവസിക്കുന്ന ദുനിയാവ്.
ആദ്യത്തെ രണ്ടു് വീടുകളിലൂടെ നാം ഇതിനകം യാത്ര ചെയ്ത് കഴിഞ്ഞു. ഇപ്പോള്‍ മൂന്നാമത്തെ ലോകത്താണ് നില കൊള്ളുന്നത്.
ഈ ലോകത്തോട് വിടപറയുന്നതോടെ നാം അഭിമുഖീകരിക്കുന്ന ലോകമാണ്, ഖബര്‍ (ബര്‍സഖിയ്യായ ലോകം).
നാം ഏറെ ഭയപ്പെടേണ്ടതും, വളരെയേറെ മനസ്സിലാക്കേണ്ടതുമായ ധാരാളം വിഷയങ്ങള്‍ അടങ്ങിയതാണ് ഖബറിന്‍റെ ലോകം.
ആറടിമണ്ണ്, എന്നതിലുപരി, ദുനിയാവിലെ ജീവിത ശേഷം ആദ്യമായി മനുഷ്യന്‍ കടന്ന് ചെല്ലുന്ന വീട് എന്നാണ് ഖബറിനെ പരചയപ്പെടുത്തപ്പെടുന്നത്. ഇന്‍ശാ അല്ലാഹ്, ഞങ്ങളുടെ സംസാരത്തില്‍ എപ്പോഴോ അതേക്കുറിച്ചുള്ള ചര്‍ച്ചകളും വന്നിരുന്നു. നമുക്കവിടെ അത് വിശദീകരിക്കാം.
മനുഷ്യന്‍റെ അഞ്ചാമത്തെ ലോകം, മഹ്ശറയാണ്.
മഹ്ശറക്ക് ശേഷം മനുഷ്യന്‍ എത്തിപ്പെടുന്ന ശാശ്വതമായ ലോകമാണ്, സ്വര്‍ഗ്ഗ നരകങ്ങള്‍.
ഇങ്ങിനെ ആറ് വീടുകളാണ് മനുഷ്യനുള്ളത്.
*******
സ്നേഹിതാ..,
മനസ്സിനെ ഏകാഗ്രമാക്കിയാള്‍ ഓര്‍മ്മയുടെ ശക്തി കൂട്ടാനാകുമെന്നാണത്രെ ശാസ്ത്ര മതം. സംഗതി എന്തു തന്നെയായാലും കാര്യം ശരിയാണ്. മനസ്സിനെ ഏകാഗ്രമാക്കുന്പോള്‍ മനുഷ്യനില്‍ ധാരാളം മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്.
മനുഷ്യനില്‍ ഉണ്ടായിട്ടുള്ള കാര്യങ്ങളെല്ലാം, എത്ര തന്നെ മറന്നു പോയതായാലും, തിരിച്ച് ഓര്‍ത്തെടുക്കാന്‍ സാധിക്കുമത്രെ. കഴിഞ്ഞ വര്‍ഷം നടന്ന കാര്യങ്ങളും, ഒരു പത്ത് വര്‍ഷങ്ങള്‍ക്ക മുന്പത്തെ സംഭവങ്ങളും, അങ്ങിനെ അങ്ങിനെ, നമ്മുടെ ചെറുപ്പകാലത്ത് നടന്ന സംഭങ്ങള്‍ വരെ മനുഷ്യന് ഓര്‍ത്തെടുക്കാമത്രെ. തന്നെ താരാട്ടിയുറക്കുന്നതും, പലപ്പോഴും ഒരു വാക്കു പോലും ഉരിയാടാന്‍ കഴിയാതെ ബുദ്ധിമുട്ടിയതുമെല്ലാം വളരെ വ്യക്തമായിത്തന്നെ നമുക്ക് ഓര്‍ത്തെടുക്കാം.! കുറച്ചു കൂടി വ്യക്തമാക്കിപ്പറഞ്ഞാല്‍, ഉമ്മയുടെ ഗര്‍ഭാശയത്തില്‍ നാം കഴിഞ്ഞു കൂടിയിരുന്നപ്പോള്‍, ഗര്‍ഭാശയത്തില്‍ വെച്ച് നാം അനുഭവിച്ചത് പോലും, നമുക്ക് ഓര്‍ത്തെടുക്കാം!!
ഇതൊക്കെയും ഇന്നത്തെ ശാസ്ത്രം സ്ഥിരീകരിച്ച സത്യങ്ങളാണ്.
സ്നേഹിതാ, ഗര്‍ഭ പാത്രത്തില്‍ വെച്ച് നടന്ന കാര്യങ്ങള്‍ പോലും നമുക്ക് ഓര്‍ത്തെടുക്കാമെങ്കില്‍ തീര്‍ച്ചയായും, ഗര്‍ഭ പാത്രത്തില്‍ നാം എത്തിച്ചേരുന്നതിന് മുന്പുള്ള കാര്യങ്ങളും അക്കാലങ്ങളിലെ സംഭവ വികാസങ്ങളും നമുക്ക് ഓര്‍ത്തെടുക്കാന്‍ സാധിക്കേണ്ടതാണ്, അഥവാ, നമുക്ക് സാധിക്കുന്നതാണ്. എന്ന് മാത്രമല്ല, നാം അത് കണ്ടെത്തിയിരിക്കണം. ഗര്‍ഭാശയത്തില്‍ എത്തുന്നതിന്ന് മുന്പുണ്ടായിരുന്ന സംഭവങ്ങള്‍ മനുഷ്യ കുലത്തെ ഓര്‍മ്മിപ്പാക്കാനായിരുന്നു, ഒന്നേകാല്‍ ലക്ഷം വരുന്ന നബിമാരെ റബ്ബ് നിയോഗിച്ചതത്രെ.
(ഉണ്ണിയപ്പം കഴിച്ച് കഴിഞ്ഞ് ഞങ്ങള്‍ ഓരോന്ന് സംസാരിച്ച് കൊണ്ട് നടന്ന് നടന്ന് ഒരു ഗാര്‍ഡനില്‍ ചെന്നിരുന്നു. എന്നിട്ട് ബാക്കി കാര്യങ്ങളിലേക്ക് ഞങ്ങള്‍ കടന്നു.)
ആ സംസാരത്തിന്‍റെ ചില ഭാഗങ്ങളിലേക്ക്....
(സു – സുബൈര്‍ ; ഹ – ഹനീഫ് ; ജ – ജാബിര്‍ ; റ – റഫീഖ്)
.........................................................................
.........................................................................
.........................................................................
.........................................................................
സു : ഹനീഫ്ക്കാ..,
ഹ : ആ.. ഇനി പറയീം..
റ : നാം എന്തിന് വന്നു എന്നതല്ലേ നാലാമത്തെ ചോദ്യം? എന്‍റെ അറിവ് വെച്ച് നോക്കുന്പോള്‍, നാം അല്ലാഹുവിനെ ആരാധിക്കാന്‍ വേണ്ടിയാണ് വന്നത്.
ജ : ശരിയാണ്, നാം വന്നത് അല്ലാഹുവിനെ ആരാധിക്കാന്‍ വേണ്ടിയാണ്, എന്ന് തന്നെയാണ് എനിക്കും പറയാനുള്ളത്. എന്താ ശരിയല്ലെ?
സു : തികച്ചും ശരിയാണ്, എന്ന് മാത്രമല്ല: “എന്നെ ആരാധിക്കാന്‍ വേണ്ടിയല്ലാതെ, ജിന്നുകളെയും മനുഷ്യരെയും നാം സൃഷ്ടിച്ചിട്ടില്ല.” എന്ന് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞതാണ്. പക്ഷെ, അപ്പോഴും ഒരു സംശയം ഉദിക്കുന്നില്ലേ? ഒന്നാലോചിച്ചു നോക്കിക്കേ..
ഹ : എന്താ?
സു : മനുഷ്യനെ പടക്കുന്നതില്‍ ഒരു വലിയ രഹസ്യം അല്ലാഹുവിന്നുണ്ടായിരുന്നു. അതെന്താണെന്ന് മലക്കുകള്‍ക്ക് പോലും അറിയില്ല.
ഹ : അതെന്തു രഹസ്യം?! അങ്ങിനെയൊന്ന് ഇതു വരെ കേട്ടിട്ടേ ഇല്ലല്ലോ..!
സു : ആ... എന്നാലേ.., ഒന്ന് ആലോചിച്ച് നോക്കൂ. മനുഷ്യ സൃഷ്ടിപ്പിന്‍റെ തുടക്കത്തിലുണ്ടായ ചില കാര്യങ്ങളുണ്ടല്ലോ.., അറിയില്ലേ? മലക്കുകളോട് അല്ലാഹു ചര്‍ച്ച ചെയ്തതും മറ്റുമൊക്കെ.
ഹ : അതെ..,
സു : എന്നാല്‍ പറയൂ.., അല്ലാഹു മനഷ്യനെ സൃഷ്ടിക്കുന്ന കാര്യം അവതരിപ്പിച്ചപ്പോള്‍ മലക്കുകളുടെ പ്രതികരണം എന്തായിരുന്നു.
ജ : ഞാന്‍ പറയാം. അന്ന് മലക്കുകള്‍ പറഞ്ഞു: “നിന്‍റെ സ്തുതികള്‍ കൊണ്ട് തസ്ബീഹ് ചെയ്തും, നിന്നെ വാഴ്ത്തിയും ഞങ്ങള്‍ ഇവിടെ ഉണ്ടായിരിക്കെ, അവിടെ ഫസാദുണ്ടാക്കുകയും, രക്തം ചിന്തുകയും ചെയ്യുന്ന ഒരു വിഭാഗത്തെ എന്തിനാണ് നീ സൃഷ്ടിക്കുന്നത്?” എന്ന്.
സു : ശരിയാ.., അതു തന്നെ പോയിന്‍റ്. അന്ന് മലക്കുകള്‍ പറഞ്ഞത് തീര്‍ത്തും ന്യായമായ ചോദ്യമായിരുന്നു.
നിത്യ ശുദ്ധരായ മലക്കുകള്‍ സദാ അല്ലാഹുവിനെ ഇബാദത്ത് ചെയ്ത് കൊണ്ടിരിക്കുന്നു. ഒരു വിഭാഗം മലക്കുകള്‍ കാലങ്ങളായി സുജൂദില്‍ തന്നെ ആയിരിക്കുന്പോള്‍ മറ്റൊരു വിഭാഗം മലക്കുകള്‍ റുകൂഇല്‍ അത് പോലെ കാലങ്ങളായി തുടരുന്നു. അല്ലാഹുവിന്‍റെ ഏത് കല്‍പനകളും ഉടനടി നിറവേറ്റുന്ന, മുഴുസമയം അവനെ ഇബാദത്ത് ചെയ്യുന്ന മലക്കുകള്‍ ഉണ്ടായിരിക്കെ, പിന്നെന്തിന് ഇങ്ങിനെ ഒരു വിഭാഗത്തെ അവന്‍ സൃഷ്ടിച്ചു? ഇനി മറ്റൊരു വിഷയം നോക്കൂ. മലക്കുകള്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ എന്തായിരുന്നു അല്ലാഹുവിന്‍റെ മറുപടി?
ഹ : അത്..
ജ : ഞാന്‍ പറയാം..
അല്ലാഹു പറഞ്ഞു: “നിങ്ങള്‍ അറിയാത്തത് ഞാന്‍ അറിയുന്നവനാണ്” എന്നായിരുന്നു മറുപടി, ല്ലേ?
സു : ശരിയാണ്. അതായിരുന്നു മറുപടി. അഥവാ, മലക്കുകള്‍ പോലും അറിയാത്ത ഒരു ലക്ഷ്യം മനുഷ്യ സൃഷ്ടിപ്പിന് പിന്നില്‍ അല്ലാഹുവിന്നുണ്ട്. അതെന്താണ്? ഇന്‍ശാ അല്ലാഹ്! അതറിയാന്‍ അല്ലാഹു നമുക്ക് തൗഫീഖ് നല്‍കട്ടെ. ആ ജ്ഞാനത്തെക്കുറിച്ചും, അതിന്‍റെ സവിശേഷതകളെക്കുറിച്ചുമൊക്കെ, ഇന്‍ ശാ അല്ലാഹ് നമുക്ക് പിന്നീട് സംസാരിക്കാം.
ഇനി, ഞാന്‍ ആദ്യം ഉദ്ധരിച്ച ആയത്തിന് റഈസുല്‍ മുഫസ്സിരീന്‍ (ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ നേതാവ്) ഇബ്നു അബ്ബാസ്(റ) നല്‍കിയ വ്യാഖ്യാനം നോക്കാം. إلاَّ لِيَعْبُدُون എന്നതിന് സാധാരണ ഗതിയില്‍ അര്‍ത്ഥം പറയാറുള്ളത്, (അവര്‍ - ജിന്നുകളും മനുഷ്യരും – എന്നെ ആരാധിക്കാന്‍ വേണ്ടിയല്ലാതെ), എന്നാണ്. എന്നാല്‍ ഇബ്നു അബ്ബാസ് (റ) വിന്‍റെ വ്യാഖ്യാന പ്രകാരം ഇതിന്, (അവര്‍ എന്നെ അറിയാന്‍ വേണ്ടിയല്ലാതെ), അഥവാ, എന്നെ അറിഞ്ഞ് ആരാധിക്കാന്‍ വേണ്ടിയല്ലാതെ, എന്നാണ് ഇത് കൊണ്ട് അര്‍ത്ഥമാക്കപ്പെടുന്നത്.
ഹ : അറിഞ്ഞാരാധിക്കാന്‍, എന്നു വെച്ചാല്‍?
സു : എന്നു വെച്ചാല്‍, അറിയാതെ നമുക്കെങ്ങനെ അല്ലാഹുവിനെ ആരാധിക്കാന്‍ സാധിക്കും?
നാം ഒന്നാലോചിച്ച് നോക്കൂ. ആരാധന പോകട്ടെ, ഒരാളെ സ്നേഹിക്കണെങ്കില്‍ വരെ നമുക്കയാളെ അറിയണ്ടേ?
നമ്മള്‍ ഒരാളെക്കുറിച്ച്, അയാളാണ് എന്‍റെ സ്നേഹിതന്‍ എന്ന് പറയുന്നുവെങ്കില്‍ തീര്‍ച്ചയായും നാമും അയാളും തമ്മില്‍ പരസ്പരം നന്നായി അറിയുന്നവരായിരിക്കും, അല്ലേ?. അങ്ങിനെങ്കില്‍ ആരാധന നടത്താന്‍ അതിനെക്കാള്‍ അടുത്ത അറിവ് ഉണ്ടാകേണ്ടതല്ലെ?
റ : അതിന് അല്ലാഹുവിനെ നമുക്ക് അറിയാമല്ലോ..
സു : നമുക്ക് അല്ലാഹുവിനെക്കുറിച്ച് എനതാണറിവുള്ളത്? ഇരുപത് നിര്‍ബന്ധമായ സ്വിഫത്തുകളും ഇരുപത് മുസ്തഹീലായ (ഉണ്ടാകാന്‍ പാടില്ലാത്ത) സ്വിഫത്തുകളും ഒരു ജാഇസായ സ്വിഫത്തും കൂടി 41 വിശേഷണങ്ങള്‍ ചെറുപ്പകാലത്ത് പഠിച്ചു വെച്ചു, എന്നല്ലാതെ എന്തറിവാണ് നമുക്കുള്ളത്? നാം സാധാരണ ഗതിയില്‍ പറയാറുണ്ട്, കണ്ണില്ലാതെ കാണുന്നവന്‍, ചെവിയില്ലാതെ കേള്‍ക്കുന്നവന്‍, ആകാരമില്ലാത്തവന്‍, സൃഷ്ടികളുമായി ഒരു വിധേനയും സാമ്യതയില്ലാത്തവന്‍, എല്ലാം എപ്പോഴും കാണുന്നവന്‍, ഏത് ചെറിയ ശബ്ദവും കേള്‍ക്കുന്നവന്‍ എന്നിങ്ങനെയൊക്കെ.
ഞാനൊന്ന് ചോദിക്കട്ടെ, സ്വന്തം ഉമ്മ കണ്ടു കൊണ്ടിരിക്കെ, നാം വല്ല വേണ്ടാത്തരങ്ങളും ചെയ്യുമോ? ഉമ്മയുടെ മുന്നില്‍ വെച്ച് നാം കള്ളു കുടിക്കുമോ? വ്യഭിചരിക്കുമോ? – ഇല്ല. എന്താ കാരണം? ല്ലേ?
സ്ഥിരബുദ്ധിയും അന്തസ്സും അഭിമാനവുമുള്ള ഒരു മാതാവിന്‍റെയും മുന്നില്‍ വെച്ച് അവരുടെ മക്കള്‍ വേണ്ടാവൃത്തികള്‍ കാണിക്കില്ല.
എന്നാല്‍, സദാനേരവും നമ്മെ കണ്ടും കേട്ടുമിരിക്കുന്ന, എപ്പോഴും നമ്മെ സസൂക്ഷ്മം നരീക്ഷിച്ച് കൊണ്ടിരിക്കുന്ന, ഏതൊരു ഏകാന്തതയിലും തന്‍റെ കരണ ഞരന്പിനെക്കാള്‍ അടുത്ത് തന്നെ നിലകൊള്ളുന്ന, എത്ര തന്നെ മറഞ്ഞ് കിടക്കുന്ന കാര്യങ്ങളും ചിന്തകളും അറിയുന്ന ഒരു റബ്ബ് ഉണ്ടെന്നുള്ള വിശ്വാസം, നമ്മുടെ ഉമ്മയിലുള്ള വിശ്വാസത്തോളമെങ്കിലും, നമ്മിലുണ്ടോ?
ഒന്ന് ചിന്തിച്ച് നോക്കിയാല്‍, വളരെ പവിത്രമായി റബ്ബ് നമ്മില്‍ ഏല്‍പിച്ച അവയവങ്ങളില്‍ ഏതെങ്കിലും ഒന്ന്, അതേ പവിത്രതയോടെ തിരിച്ച് കൊടുക്കാന്‍ നമ്മിലുണ്ടോ? – ഇല്ല. എന്താ കാരണം?
ആ ഉമ്മ എന്നെ കണ്ട് കൊണ്ടിരിക്കുന്നു, എന്ന ചിന്ത നാം ഉമ്മയുടെ മുന്നിലാകുന്പോള്‍ നമ്മില്‍ എത്രത്തോളം ഉണ്ടാകുന്നുവോ, അത്രയെങ്കിലും നമ്മുടെ റബ്ബില്‍ നമുക്ക് വിശ്വാസമുണ്ടായിരുന്നെങ്കില്‍, ഹൃദയം കൊണ്ട് പോലും നമുക്ക് വ്യഭിചരിക്കാനോ, മറ്റു അനാവശ്യങ്ങള്‍ ചെയ്യാനോ സാധിക്കുമായിരുന്നോ?
ഇനി പറയൂ, എന്താണ് നമുക്ക് അല്ലാഹുവിലുള്ള വിശ്വാസം? എന്ത് അറിവാണ് അവ്വാഹുവിനെക്കുറിച്ച് നമുക്കുള്ളത്?
റ : റബ്ബേ.., ശരിയാ..
ജ : ശരിയാണ്.. നമ്മുടെ വിശ്വാസം ശരിക്കും ഉണ്ടെങ്കില്‍ പിന്നെ നമുക്കെങ്ങനെ അവന്‍ കണ്ടു കൊണ്ടിരിക്കെ, തെറ്റ് ചെയ്യാന്‍ സാധിക്കും?
ഹ : പക്ഷെ, സുബൈറേ, നമ്മള്‍ തെറ്റ് ചെയ്യുന്നുണ്ടെങ്കിലും ഹൃദയത്തില്‍ അല്ലാഹുവിനെക്കുറിച്ചുള്ള വിശ്വാസം അങ്ങിനെത്തന്നെ ഉണ്ടല്ലോ... എന്താണത്? ഒരു എത്തും പിടിയും കിട്ടുന്നില്ല.
സു : അതെ ഹനീഫ്ക്കാ..,
നമ്മുടെ ഓരോ കാര്യങ്ങളിലും നാം ശരിക്കും ചിന്തിക്കുകയാണെങ്കില്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ഒരു എത്തും പിടിയും കിട്ടൂല. ഇങ്ങിനെയായാല്‍ മതിയോ? മതിയോ ജാബിറെ..
ജ : ഏയ്.. നാം ഇത്രയും വിഢികളായിരുന്നു എന്ന ബോധം പോലും ഇപ്പോഴാണുണ്ടാകുന്നത്.
സു : അതെ, സ്നേഹിതന്മാരേ,
കാര്യങ്ങളിലെ ദൃഢതയും അചഞ്ചലതയും ഒരു മുഅമിനിന്‍റെ ലക്ഷണമാണ്. ദൃഢമായ സത്യങ്ങള്‍ക്ക് ഒരിക്കലും ഒരു കുലുക്കവും സംഭവിക്കില്ല. കാരണം സത്യം എന്നും സത്യം തന്നെയായിരിക്കും.
ഹ : അപ്പോള്‍ പറഞ്ഞ് വന്നത്, അല്ലാഹുവിനെക്കുറിച്ചുള്ള അറിവാണ് ഏറ്റവും ബെയ്സായിട്ടുള്ളത്, ല്ലേ?
സു : ശരിയാ.., അതുണ്ടാകുന്പോഴേ ആരാധന, ശരിക്കും ആരാധനയാകുന്നുള്ളൂ.
ഇന്‍ശാ അല്ലാഹ്,
യാഥാര്‍ത്ഥ്യങ്ങളിലേക്ക് എത്തിപ്പെടാനുള്ള വഴികളെക്കുറിച്ചും മറ്റുമൊക്കെ നമുക്ക് അറിവ് വേണം. അല്ലാഹു തൗഫീഖ് തരട്ടെ.
ഹ : ആമീന്‍!
സു : ഏറ്റവും വലിയ ആരാധനയാണത്രെ ജ്ഞാനം നേടല്‍!
: “എനിക്ക് നിങ്ങളില്‍ ഏറ്റവും താഴ്ന്നവനേക്കാള്‍ എത്രമാത്രം ശ്രേഷ്ടതയുണ്ടോ, അത്രയും ശ്രേഷ്ടതയാണ് ഒരു ജ്ഞാനിക്ക് ഒരു ആബിദിനെക്കാള്‍ (ആരാധകനേക്കാള്‍) ഉള്ളത്” എന്ന് പറഞ്ഞത് സയ്യിദുനാ മുഹമ്മദുന്‍ റസൂലുല്ലാഹി (സ്വ) ആണ്.
: “ബനൂ ഇസ്രാഈല്യരിലെ പ്രവാചകന്‍മാരെ പോലെയാണ് എന്‍റെ സമുദായത്തിലെ ജ്ഞാനികള്‍”
: “യഥാര്‍ത്ഥ ജ്ഞാനികള്‍ പ്രവാചകന്‍മാരുടെ അനന്തരാവകാശികളാണ്. അവര്‍ അനന്തരമാക്കിയത് ദീനാറോ ദിര്‍ഹമോ അല്ല. നിശ്ചയം, അവര്‍ അനന്തരമാക്കിയത് ജ്ഞാനം മാത്രമാണ്” എന്നൊക്കെ നമ്മുടെ ഹബീബായ റസൂല്‍ (സ്വ) പറഞ്ഞിട്ടുള്ളതാണ്.
എന്താണ് ഇല്‍മ് (ജ്ഞാനം) എന്നും, എങ്ങിനെ അത് സന്പാദിക്കാം എന്നും നാം അറിഞ്ഞിരിക്കണം. അപ്രകാരം നാം ജ്ഞാനം തേടിയിറങ്ങണം. അങ്ങിനെ നാം അത് നേടിയിരിക്കണം.
ജ : സുബൈര്‍ ഭായി പറഞ്ഞ ഇല്‍മ് എല്ലാവര്‍ക്കും നേടാനാകുമോ?
സു : ഹ! ഇതെന്തൊരു ചോദ്യം! ഓരോരുത്തര്‍ക്കും നേടാന്‍ സാധിക്കും എന്ന് മാത്രമല്ല, തീര്‍ച്ചയായും, അത് നാം നേടിയിരിക്കേണ്ടതുമാണ്.
റ : പക്ഷെ, അതെങ്ങിനെ സാധിക്കും?
സു : അതാണ് ഒരു മനുഷ്യന്‍റെ പ്രത്യേകത,
എന്താണോ അവന്‍ മനസ്സില്‍ ദൃഢമായി തീരുമാനിക്കുന്നതെങ്കില്‍ അത് അവന്‍ നേടിയിരിക്കും. ലക്ഷ്യം ദൃഢവും തീരുമാനം ശക്തവുമാണെങ്കില്‍ ഏത് വലിയ കാര്യവും മനുഷ്യന്‍ നേടിയിരിക്കും.
നാം ഒന്ന് ചിന്തിച്ച് നോക്കൂ.
നമ്മുടെ ഓരോ അവയവങ്ങളിലും ആയിരക്കണക്കായ കഴിവുകള്‍ ആണ് റബ്ബ് ഒരുക്കി വെച്ചിട്ടുള്ളത്. നല്ലതും ചീത്തയുമായ ഒട്ടനവധി കാര്യങ്ങള്‍ നമ്മുടെ നാക്ക് കൊണ്ട് നമുക്ക് ചെയ്യാന്‍ കഴിയുന്നു.
നമ്മുടെ കൈകൊണ്ടും വ്യത്യസ്തങ്ങളായ പല കാര്യങ്ങളും നാം ചെയ്യുന്നു.
സാധാരണ ഗതിയില്‍ ഓരോ മനുഷ്യനും ചെയ്യാന്‍ സാധിക്കുന്ന കഴിവുകള്‍ക്കുപരിയായി, ഒട്ടനവധി കഴിവുകള്‍ ഇനിയും നമ്മുടെ കൈകളില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്.
കണ്‍കെട്ടു വിദ്യ കൊണ്ട് ആളുകളെ അന്പരിപ്പിക്കുന്ന കഴിവ് ഒരു മെജീഷ്യന്‍ കണ്ടെത്തുന്പോള്‍ ഒറ്റക്കൈത്തണ്ടയില്‍ ശരീരം മൊത്തം ബാലന്‍സ് ചെയ്ത് പൊക്കിപ്പിടിക്കാന്‍ ഒരു സര്‍ക്കസ് കാരന്‍ കഴിവ് കണ്ടെത്തുന്നു. അതേ കൈയിലെ ഒരു വിരല്‍ മതി, ഒരു അഭ്യാസിക്ക് ഒരാളെ പൂര്‍ണ്ണമായും ഒതുക്കാന്‍.
മനുഷ്യ ശരീരത്തില്‍ തിട്ടപ്പെടുത്താനാകാത്ത കഴിവുകള്‍ ഉണ്ടെന്ന് സാരം.
അങ്ങിനെ വ്യത്യസ്തങ്ങളായ ഒരു പാട് അവയവങ്ങളുള്ള മനുഷ്യ ശരീരത്തിന് മാത്രം ഇത്രയേറെ പെട്ടന്‍ഷ്യാലിറ്റി ഉണ്ടെങ്കില്‍, അല്ലാഹുവിന്‍റെ ഭാഗത്ത് നിന്ന് വരുന്ന ആത്മാവ് എത്രമാത്രം ഹൈ പൊട്ടന്‍ഷ്യല്‍ ആയിരിക്കും! അതിന്‍റെ കഴിവുകള്‍ എത്രമാത്രമായിരിക്കും! അഥവാ, ഒരു മനുഷ്യന്‍, യഥാര്‍ത്ഥത്തിലുള്ള തന്നെത്തന്നെ കണ്ടെത്തി പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ നമ്മെ പോലുള്ളവര്‍ അവന്‍റെ അടുക്കല്‍ വെറും വട്ടപ്പൂജ്യമായിരിക്കും.
അതേ സുഹൃത്തുക്കളെ, മനുഷ്യന്‍ എന്താണോ ദൃഢമായി തീരുമാനിക്കുന്നതെങ്കില്‍ അവന്‍ അത് നേടിയിരിക്കും. അതിന് വേണ്ടി ഒരു പക്ഷെ, അത്യധികം കഠിന പ്രതിസന്ധികള്‍ അവന്ന് തരണം ചെയ്യേണ്ടി വന്നേക്കാം. ഉറ്റവരും ഉടയവരും പോലും ഒരു പക്ഷെ, വിഷമിപ്പിച്ചെന്ന് വന്നേക്കാം. താന്‍ അമൂല്യമായി ഏറെ കാത്ത് സൂക്ഷിച്ച ഒരുപാട് വസ്തുക്കള്‍ നഷ്ടപ്പെട്ടേക്കാം. ലക്ഷ്യം ദൃഢവും, തീരുമാനം ഉറച്ചതുമാണെങ്കില്‍ മനുഷ്യന്‍ ആ ലക്ഷ്യം നേടിയിരിക്കും.
ഉദാഹരണങ്ങള്‍ ഒരു പാടില്ലെ?
ഹ : അതെ, അതായിരിക്കാം ബിലാല്‍ (റ) വിന്‍റെ ചരിത്രത്തില്‍ നാം കണ്ടത്, അല്ലേ?
സു : അതെ ഹനീഫ്ക്കാ.., ചുട്ടു പഴുത്ത മണലില്‍ കിടത്തി കിരാതമായി മര്‍ദ്ദിക്കപ്പെട്ടപ്പോഴും ബിലാല്‍ (റ) തന്‍റെ ലക്ഷ്യത്തില്‍ നിന്നോ തന്‍റെ തീരുമാനത്തില്‍ നിന്നോ പിന്മാറിയില്ല. കാരണം, മനുഷ്യന്‍ തന്‍റെ ലക്ഷ്യം നേടിയിരിക്കും.
സുമയ്യാ ബീവി (റ) യെ അതി ദാരുണമായി ശത്രുക്കള്‍ ശിക്ഷിച്ചപ്പോഴും, യാസിര്‍(റ) കുടുംബത്തെ മൊത്താമായും അവര്‍ നശിപ്പിച്ചപ്പോഴും, ഖുബൈബ്(റ)വിനെ തൂക്കിലേറ്റിയപ്പോഴും, അങ്ങിനെ അങ്ങിനെ പുണ്യരായ സ്വഹാബാക്കള്‍ അതി കഠിനമായ ആക്രമങ്ങള്‍ക്ക് വിധേയമായപ്പോഴുമൊക്കെ തങ്ങളുടെ ദൃഢമായ ലക്ഷ്യത്തിലേക്ക് അവര്‍ പടികള്‍ ഒന്നൊന്നായി കയറുകയായിരുന്നു! കാരണം, മനുഷ്യന്‍ തന്‍റെ ലക്ഷ്യം നേടിയിരിക്കും.
നമ്മളും മനുഷ്യരാണ്. നമുക്കും ലക്ഷ്യങ്ങള്‍ ഉണ്ടാകും. ഒരു ലക്ഷ്യം ദൃഢമായി മനസ്സില്‍ വെച്ച് ഉറച്ച തീരുമാനത്തോടെ നമ്മളും മുന്നേറിയാല്‍ നമ്മളും ആ ലക്ഷ്യത്തില്‍ എത്തുക തന്നെ ചെയ്യും, അതിനിടയില്‍ അത്യന്തം വിഷമകരമായ പലതും ഒരു പക്ഷെ നമുക്ക് നേരിടേണ്ടി വന്നാല്‍ പോലും!
നമുക്കും ഒരു ലോക സോക്കര്‍ ആകാന്‍ സാധിക്കും. നമുക്കും ഒരു ഫെയ്മസ് ക്രിക്കറ്റര്‍ ആകാന്‍ സാധിക്കും. നമുക്കും ബഹിരാകാശത്തുള്ള സ്പെയ്സ് ഷട്ടിലിലെ ഒരു ശാസ്ത്രജ്ഞനാകാന്‍ സാധിക്കും. നമുക്കും ഒരു വിശ്വ ചെസ്സ് ചാന്പ്യനാകാന്‍ സാധിക്കും, ഒരു ഉഗ്രന്‍ മജീഷ്യനാകാന്‍ സാധിക്കും, ഒരു കന്പനി എംഡി ആകാന്‍ സാധിക്കും, ഒരു രാഷ്ട്ര നേതാവാകാന്‍ സാധിക്കും....
നമുക്കും സ്വന്തത്തെയും റബ്ബിനെയും തിരിച്ചറിഞ്ഞവനാകാന്‍ സാധിക്കും.
നമുക്കും അല്ലാഹുവിന്‍റെ ഇഷ്ട ദാസനാകാന്‍ സാധിക്കും.
നമുക്കും ദീനിന്‍റെ യഥാര്‍ത്ഥ വശങ്ങളും അറിവുകളും വിജ്ഞാനങ്ങളും ജ്ഞാനങ്ങളും നേടാന്‍ സാധിക്കും...
അതെ, സ്നേഹിതന്‍മാരേ, നമുക്കും ഒരു യഥാര്‍ത്ഥ പൂര്‍ണ്ണമായ മുഅമിനാകാന്‍ സാധിക്കും.
ജ : “അല്ലാഹു അക്ബര്‍!” (പെട്ടെന്നായിരുന്നു ആ ശബ്ദം.)
റ : ഡാ.. എന്താ ടാ..
ജ : ഏയ്.. ഒന്നുമില്ല, പെട്ടെന്ന് ഉറക്കെപ്പറഞ്ഞ് പോയതാ..
(ജാബിറില്‍ നിന്നും പെട്ടെന്ന് വളരെ ഉച്ചത്തില്‍ വന്ന ശബ്ദം കേട്ടു ആളുകളൊക്കെ വന്നു നോക്കി. ഒരു ചിരിയും പാസാക്കി, ഒന്നുമില്ലേ..യ്, എന്നും പറഞ്ഞ് റഫീഖ് ആളുകളോട് പിരിഞ്ഞ് പോകാന്‍ പറയുന്നുണ്ടെങ്കിലും ആളുകള്‍ വീണ്ടും വീണ്ടും വന്ന് കൊണ്ടിരുന്നു. പലരും പലതും അടക്കം പറയുന്നതും ചൂണ്ടിക്കാണിക്കുന്നതുമൊക്കെ കാണുന്നുണ്ട്. പെട്ടെന്ന് ഒരു കനത്ത ശബ്ദം മുഴങ്ങി: “അ, ആ.. ആ ഒരുന്പെട്ടോന്‍ വന്ന് ഇവിടേം പിത്തനണ്ടാക്കാന്‍ തൊടങ്ങ്യാ..?”.
അത് കേട്ടപ്പോള്‍ ഞാന്‍ എഴുന്നേറ്റ് നിന്നു ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി.
നല്ല പൊക്കവും വണ്ണവുമുള്ള ഒരു താടിക്കാരന്‍ മുസലിയാരായിരുന്നു അത്.)
(തുടരും...)
Monday, 2 February 2009
Subscribe to:
Posts (Atom)
